By:എസ്.പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ്
കൊല്ലം: കൊല്ലം പോർട്ടിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാറ്റലൈറ്റ് പോർട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പോർട്ട് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. നിലവിലെ ആഴം സംബന്ധിച്ച് സർവേ നടത്തി ആവശ്യമായ ഡ്രജിങ് നടത്തും. ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് സ്ഥാപിക്കുന്നതും ടൂറിസ്റ്റ് കപ്പൽ സർവീസുകൾ ആരംഭിക്കുന്നതുമടക്കമുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.
വാർഫിലെ ആഴക്കുറവ്, കസ്റ്റംസ് നടപടികളിലെ തടസ്സങ്ങൾ, കോസ്റ്റൽ പൊലീസ് ബോട്ടുകളുടെ കാലപ്പഴക്കം, ഹൈമാസ്റ്റ് ലൈറ്റുകളും ക്യാമറകളും പ്രവർത്തനരഹിതമായത് തുടങ്ങിയ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പോർട്ട് വികസനവുമായി ബന്ധപ്പെട്ട് ഉടൻ തുറമുഖ വകുപ്പുമായി യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
കോർപറേഷൻ മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ ജിസ്മാൻ ജേക്കബ്, പോർട്ട് പർസർ സുനിൽ, പോർട്ട് കൺസർവേറ്റർ അനിൽകുമാർ, എ.എക്സ്.ഇ. സജീവ്, ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.




