റെയിൽമേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: റെയില്‍മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ദക്ഷിണറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഷാജി സക്കറിയ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്.
കുണ്ടറ – പളളിമുക്ക് ആര്‍.ഒ.ബി യുടെ അംഗീകരിച്ച ജി.എ.ഡി യുടെ പുനര്‍നിര്‍ണ്ണയ പ്രക്രിയ അന്തിമഘട്ടത്തിലാണ്. ദക്ഷിണ റയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍, ചെന്നൈയിലെ ചീഫ് എന്‍ജിനിയര്‍ ബ്രിഡ്ജസ് തുടങ്ങിവരുടെ ഉന്നതതല പരിശോധന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. അന്തിമ പുനര്‍നിര്‍ണ്ണയ ഉത്തരവ് എത്രയും പെട്ടെന്ന് നല്‍കാന്‍ കഴിയുമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ യോഗത്തില്‍ അറിയിച്ചു. ജി.എ.ഡി അംഗീകാരം ലഭിച്ചാലുടന്‍ കുണ്ടറ പളളിമുക്ക് മേല്‍പ്പാലങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും.
ഇരവിപുരം ആര്‍.ഒ.ബിയുടെ റയില്‍വേ പാലം നിര്‍മ്മാണത്തിന്‍റെ 24 പൈലുകളും നിര്‍മ്മിച്ച് പൈല്‍ ലോഡ് ടെസ്റ്റ് പൂര്‍ത്തീകരിച്ചു. 4 പൈപ്പ് കാപ്പുകളും 8 കോളമുകളും പൂര്‍ത്തികരിച്ചിട്ടുണ്ട്. ഗ്രിഡര്‍ ലോച്ചിംഗ് കഴിഞ്ഞു. മുന്‍ തീരുമാനപ്രകാരം 2025 മാര്‍ച്ചില്‍ റയില്‍വേയുടെ ഭാഗത്ത്നിന്നുളള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും.
കല്ലുംതാഴം റയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത് 36.84 കോടി രൂപയാണ്. നിര്‍മ്മാണത്തിനുളള ജി.എ.ഡി അനുമതി നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ച് വരികയാണ്.

മയ്യനാട് റയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ ചുമതല റോഡ്സ് ആന്‍റ് ബ്രിഡജ്സ് കോര്‍പ്പറേഷന്‍ ഓഫ് കേരള (ആര്‍ബിഡിസികെ)യ്ക്കാണ്. നിര്‍മ്മാണത്തിനുളള ജി.എ.ഡി അനുമതി റയില്‍വേ നല്‍കിയിട്ടുണ്ട്. 25.95 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്.
കൂട്ടികട ആര്‍.ഒ.ബി യുടെ ജിഎഡി അംഗീകാരം നല്‍കിയിട്ടുണ്ട്. 52.23 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നു.

എസ്.എന്‍. കോളേജ് ജംഗ്ഷന്‍ മേല്‍പ്പാലത്തിന്‍റെ 44.66 കോടി രൂപ ചിലവ് വരുന്ന ഡിപിആര്‍ അംഗീകരിച്ചു. റയില്‍വേ ജി.എ.ഡി ക്ക് അംഗീകാരം നല്‍കി. ഭൂമിഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു.

കല്ലുംതാഴം മേല്‍പ്പാലത്തിന്‍റെ ജി.എ.ഡി അംഗീകാരം നല്‍കിയിട്ടുണ്ട്. 30.93 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നിരാക്ഷേപത്രത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒല്ലാല്‍ മേല്‍പ്പാലത്തിന്‍റെ 36.75 കോടി രൂപ ചിലവ് വരുന്ന ഡി.പിഎആറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ജി.എ.ഡി അംഗീകാരത്തിനായി റയില്‍വേ പരിശോധന പുരോഗമിച്ചു വരുന്നു.

പോളയത്തോട് റയില്‍പ്പാലത്തിന്‍റെ നിര്‍മ്മാണ ചുമതല കേരള റയില്‍ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റ്ഡിനാണ്. ആവശ്യമായ ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരുന്നു. മേല്‍പ്പാല നിര്‍മ്മാണത്തിന്‍റെ നിര്‍മ്മാണ ചിലവ് പൂര്‍ണ്ണമായും റയില്‍വേ വഹിക്കുന്നതിനുളള പ്രത്യേക പദ്ധതിയില്‍ പോളയത്തോട് മേല്‍പ്പാലം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എൻ കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.

മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ റയില്‍വേയും സംസ്ഥാന ഏജന്‍സികളും സംയുക്തമായി നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യോഗം തീരുമാനിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍എംപി, ദക്ഷിണറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഷാജി സക്കറിയ, എറണാകുളം കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ മുരാരിലാല്‍, തിരുവനന്തപുരം കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രുപ്രകാശ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷണ്‍മുഖം, റോഡ് സേഫ്റ്റി പ്രോജക്ട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചെന്നൈ ആര്‍.കെ. കണ്ണന്‍, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കേരള മാനേജര്‍ ജിതിന്‍ എ. സായികൃഷ്ണ, കെ.ആര്‍.ഡി.സിഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.ആര്‍. സുന്ദരം, ദേശീപാത അതോറിറ്റി ഓഫ് ഇന്‍ഡ്യ ലയ്സണ്‍ ഓഫീസര്‍ കെ.സലീം, ദേശീപാത അതോറിറ്റി ഓഫ് ഇന്‍ഡ്യ പ്രോജക്ട് ഡിവിഷന്‍ ലയ്സണ്‍ ആഫീസര്‍ രാജപ്പന്‍പിളള തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു