കൊല്ലം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം നഗരമധ്യത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ശാന്തി നഗർ ചന്ദ്രാലയത്തിൽ ആശിഷ് (35) ആണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 4.1756 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ. പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ ആശ്രാമത്തെ വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എൽ. വിജിലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. ജ്യോതി, ഷഫീക്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ദീപു, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് എത്തിച്ച സ്രോതസ്സുകളെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരത്തിൽ ലഹരി വിൽപന തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു




