കൊല്ലം: ജില്ലയിലെ കാൻസർ പ്രതിരോധ-ചികിത്സാ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ട്രാവൻകൂർ മെഡിസിറ്റി. ജില്ലയിലെ ആദ്യത്തെ പെറ്റ് സ്കാൻ (പൊസിട്രോൺ എമിഷൻ ടോമോഗ്രഫി) സംവിധാനത്തിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു. ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ കെയറിലാണ് അത്യാധുനികമായ പെറ്റ് സ്കാൻ, ന്യൂക്ലിയാർ മെഡിസിൻ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനക്ഷമത സൂക്ഷ്മമായി പരിശോധിച്ച് കാൻസർ രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണിത്. റേഡിയോ ആക്ടീവ് ട്രേസറുകൾ ഉപയോഗിക്കുന്നതിലൂടെ കാൻസർ കോശങ്ങളെ കൃത്യമായി തിരിച്ചറിയാനും, രോഗത്തിന്റെ വ്യാപനം, ചികിത്സ എത്രത്തോളം ഫലപ്രദമാകുന്നു തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താനും ഈ സംവിധാനം അത്യന്താപേക്ഷിതമാണ്. കൊല്ലം ജില്ലയിൽ ഈ സേവനം ലഭ്യമാകുന്നതോടെ കാൻസർ രോഗികൾക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരമാകും.
ചടങ്ങിൽ സീനിയർ കൺസൾട്ടന്റ് ഡോ. സമീർ എസ് സ്വാഗതം ആശംസിച്ചു. ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാം, സെക്രട്ടറി അബ്ദുൽ സലാം എന്നിവർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, മാനേജിങ് ഡയറക്ടർ ഡോ. മുസമ്മിൽ എ സലാം, ക്ലിനിക്കൽ ലീഡ് ഡോ. ഷെഫീഖ് ഷംസുദീൻ (ഓൺകോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജൻ), കൺസൾട്ടന്റ് ഡോ. അഞ്ജലി പ്രകാശ് (ന്യൂക്ലിയാർ മെഡിസിൻ) എന്നിവർ പരിപാടിയിൽ സംസാരിച്ചു.
റേഡിയോളജി വിഭാഗം മേധാവി ഡോ. ജൂഡി മേരി കുര്യൻ, യൂറോളജി വിഭാഗം മേധാവി ഡോ. റഫീഖ് യൂസഫ്, മെഡിക്കൽ ഓൺകോളജി വിഭാഗത്തിലെ ഡോ. മുനീർ എ. തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങിൽ ആശംസകൾ അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാവൻകൂർ മെഡിസിറ്റി ഈ പുതിയ വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്.

Kerala



