കരുനാഗപ്പള്ളി: ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് നിർണ്ണായക സൂചനയുമായി പോലീസ്. കരുനാഗപ്പള്ളിയിലെ ‘കടത്തൂർ സംഘമാണ്’ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. പ്രതികളായ ബ്ലാക്ക് വിഷ്ണു, ആഷിക് തോമ, ഹുസൈൻ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ മുൻ വൈരാഗ്യം:
2025-ൽ ജിം സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതിലുള്ള പകയാണ് അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം ഈ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കടത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘാംഗങ്ങളായ വിഷ്ണുവും കൂട്ടരും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് പോലീസിന്റെ അനുമാനം.
പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് പേർക്ക് പുറമെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.




