തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ പുത്തൻ സാങ്കേതിക വിദ്യയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ക്രമക്കേടുകളും തത്സമയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുന്ന ‘സി-വിജിൽ’ (cVIGIL) മൊബൈൽ ആപ്പ് പൂർണ്ണ സജ്ജമായി. ഒരു സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ പോലും ഇനി തിരഞ്ഞെടുപ്പ് നിരീക്ഷകനായി മാറും.
പരാതി നൽകാം, പേര് വെളിപ്പെടുത്താതെ തന്നെ
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ, പണമിടപാടുകൾ, മദ്യവിതരണം അല്ലെങ്കിൽ പ്രകോപനപരമായ പ്രസംഗങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും ഈ ആപ്പ് വഴി പരാതിപ്പെടാം. ചട്ടലംഘനം നടക്കുന്ന സ്ഥലത്തെ ഫോട്ടോയോ രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോയോ പകർത്തി ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. പരാതിക്കാരന്റെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.
100 മിനിറ്റിൽ തീർപ്പ്; മിന്നൽ വേഗത്തിൽ നടപടി
പരാതി ലഭിച്ചാൽ വെറുതെയിരിക്കില്ല കമ്മീഷൻ. ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരം ഉടൻ തന്നെ അതത് പ്രദേശത്തെ ഫ്ലൈയിംഗ് സ്ക്വാഡിനോ സ്റ്റാറ്റിക് സർവൈലൻസ് ടീമിനോ കൈമാറും. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് പ്രശ്നപരിഹാരം കാണുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.




