സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ലേബര്‍ കമ്മീഷണറായ കെ വാസുകിയെ ഗതാഗത വകുപ്പിലേക്ക് മാറ്റി.
അര്‍ജ്ജുന്‍ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍.സൗരഭ് ജയിന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും.

കെ വാസുകി ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടര്‍,തൊഴില്‍ വകുപ്പിന്റെ അധിക ചുമതലകൾ കൂടി വഹിക്കും.
മൈനിങ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ഇദ്ദേഹത്തിന് റെയില്‍വെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടല്‍ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നല്‍കി.
ഗതാഗത വകുപ്പിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.