മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ സിപിഐ കൗൺസിൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കുറിച്ചുള്ള അവലോകന ചർച്ചയിലായിരുന്നു സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനം ഉയർന്നത്.

ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതിനാൽ എൽഡിഎഫിനോട് ചേർന്നുനിന്ന ഈഴവ – പിന്നോക്ക സമുദായങ്ങളുടെ വോട്ടുകൾ മറ്റു പാർട്ടികളിലേക്ക് പോയി. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്ക് തിരിച്ചടിയായി. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് കടുത്ത പരാജയത്തിലേക്ക് നയിച്ചതെന്നും കൗൺസിൽ യോഗം വിലയിരുത്തി.
മന്ത്രിമാരുടെ ഭരണ പോരായ്മകളെ കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു.

സിപിഐയുടെ ന്യൂനപക്ഷ പ്രീണനവും അതിരുകടക്കുന്നതായി യോഗം വിലയിരുത്തി.
പി പി സുനീറിനെ രാജ്യസഭാ എംപി ആക്കിയ തീരുമാനം സിപിഐയുടെ രീതി അല്ലെന്നും ജില്ല കൗൺസിലിൽ പറഞ്ഞു.
നവകേരള സദസ് ധൂർത്തായി മാറിയെന്ന് കൗൺസിലിൽ വിമർശനം ഉയർന്നു. നടന്നത് വലിയ പണിപ്പിരിവാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചെന്നുമാണ് വിമർശനം

വിവിധ സിപിഐ ജില്ലാ കൗൺസിലുകളിൽ ഉണ്ടായ ഭരണ വിരുദ്ധ നിലപാട് സംസ്ഥാന കൗൺസിൽ പ്രതിഫലിക്കും എന്നാണ് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.