ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ

കൊട്ടാരക്കര : കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജിലെ നാഷണൽ സർവീസ് സ്കീം ആസാദ് സേനയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ്റെ ഉദ്ഘാടനം കൊല്ലം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എച്ച്. നൂറുദീൻ നിർവഹിച്ചു. നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ആസാദ് സേനയുടെ നേതൃത്വത്തിൽ ആണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ കലാലയങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും വിവിധങ്ങളായ പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുന്നത്.

ഇന്നത്തെ സമൂഹം ലഹരി ഉപയോഗത്തിലൂടെ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിന്റെ ഉപയോഗത്തിലൂടെ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന അവസ്ഥ പരിവർത്തനത്തെക്കുറിച്ചും പ്രതിരോധ അതിജീവന മാർഗങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. കുട്ടികളുടെ ലഹരി കലാകായിക വായനാ ലഹരിയാക്കി മാറ്റാൻ കഴിയുന്ന സംവിധാനം കലാലയങ്ങളിലും കുടുംബത്തിലും ഉടലെടുക്കാൻ സാധിക്കും വിധം അവസരങ്ങൾ ലഭിക്കട്ടെ എന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ സോണി ആശംസ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

കൊട്ടാരക്കര എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ്റെ ഭാഗമായി കുടുംബ ജാഗ്രതാ സദസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു . തുടർന്ന് ജനജാഗ്രതാ സദസും ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും.

കോളേജ് പ്രിൻസിപ്പാൾ ഡോ. സുമി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ജി. ആശ സ്വാഗതവും ഡോ. വി. മനു ആശംസയും ആസാദ് സേന വോളണ്ടിയർ ലീഡർ സിദ്ധാർത്ഥ് വി പിള്ള നന്ദിയും പ്രകാശിപ്പിച്ചു.
എൻ എസ് എസ് വോളണ്ടിയർമാരായ അനന്ത് കെ കൃഷ്ണ, അമൽ കൃഷ്ണൻ , വി. ആർ പൗർണമി, അതുല്യ ബാലചന്ദ്രൻ , ദിവ്യ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.