കൊട്ടിയം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും കൊട്ടിയം മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പ്രദേശം അതീവ ഗതാഗത പ്രതിസന്ധിയിലേക്ക്. പാലം തുറന്നതോടെ പട്ടരുമുക്കിൽ റോഡിന്റെ മധ്യഭാഗം പൂർണ്ണമായും അടച്ചത് ഉമയനല്ലൂർ അടിപ്പാതയിലെ വാഹനത്തിരക്ക് നാലിരട്ടിയായി വർദ്ധിപ്പിച്ചു. ഇതോടെ ജനസാന്ദ്രതയേറിയ കൊട്ടിയം-ഉമയനല്ലൂർ മേഖലയിൽ യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്.
അടിപ്പാതയിൽ വീർപ്പുമുട്ടി വാഹനങ്ങൾ
പറക്കുളം മുതലുള്ള വാഹനങ്ങൾക്കും വാഴപ്പള്ളി, മൈലാപ്പൂർ, കോവൂർച്ചിറ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കും റോഡ് മുറിച്ചുകടക്കാൻ നിലവിൽ വീതി കുറഞ്ഞ ഉമയനല്ലൂർ അടിപ്പാത മാത്രമാണ് ഏക ആശ്രയം. കൊട്ടിയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൈലാപ്പൂർ ഭാഗത്തേക്ക് പോകാൻ അടിപ്പാതയിലേക്ക് പ്രവേശിച്ച് ഇടതുവശത്തേക്ക് തിരിയേണ്ടി വരുന്നത് വലിയ ബ്ലോക്കിന് കാരണമാകുന്നു. ഉമയനല്ലൂർ കഴിഞ്ഞാൽ പിന്നെ കൊട്ടിയം ടൗണിൽ മാത്രമാണ് റോഡ് മുറിച്ചുകടക്കാൻ സൗകര്യമുള്ളത്. ആവശ്യത്തിന് വീതിയുള്ള അടിപ്പാതകളുടെ അഭാവം ഭാവിയിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
മൺമതിലിന് പകരം വയഡക്ട് വേണം; സമരം ശക്തം
ചതുപ്പ് നിലമായ പറക്കുളത്ത് മൺമതിൽ കെട്ടി പാത നിർമ്മിച്ചതിനെതിരെ സംയുക്ത സമരസമിതിയുടെ പ്രതിഷേധം ശക്തമാണ്. പലതവണ മൺമതിലിൽ വിള്ളലുകൾ വീഴുകയും സ്ലാബുകൾ പുറത്തേക്ക് തള്ളുകയും ചെയ്ത സാഹചര്യത്തിൽ, അടിയന്തരമായി ഇവിടെ തൂണുകളിലുള്ള പാലം (വയഡക്ട്) നിർമ്മിക്കണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചുനിൽക്കുന്നു. കൊട്ടിയം ജംഗ്ഷന്റെ ഇരുവശത്തേക്കും ഓരോ കിലോമീറ്റർ വീതം മൺമതിൽ പൊളിച്ച് വയഡക്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയം ടൗണിലും പറക്കുളത്തും പ്രതിഷേധം തുടരുകയാണ്. പറക്കുളം സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് 76-ാം ദിവസത്തിലേക്ക് കടന്നു.
നിയമപോരാട്ടവുമായി നാട്ടുകാർ
അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി ഇതിനകം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഉന്നതതല അന്വേഷണമോ സുരക്ഷാ ഓഡിറ്റോ നടത്താതെ ജനങ്ങളുടെ ജീവൻ പണയം വെച്ച് മേൽപ്പാലം തുറന്നുകൊടുത്ത അധികൃതരുടെ നടപടിക്കെതിരെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം




