കൊല്ലം: മുൻവൈരാഗ്യത്തിന്റെ പേരിൽ 51-കാരിയായ വീട്ടമ്മയെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കാടകം കാങ്കത്ത് നഗർ 113, തമ്പി നിവാസിൽ പൊടി കുട്ടൻ എന്ന് വിളിക്കുന്ന സുനിൽ തമ്പി (40) ആണ് പിടിയിലായത്. കാങ്കത്ത് നഗർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പരാതിക്കാരിയെ പ്രതി ഓട്ടോറിക്ഷ അതിവേഗത്തിൽ ഓടിച്ചുവന്ന് മതിലിനോട് ചേർത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ ഇവരുടെ വീട്ടിലെത്തിയ പ്രതി മകനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കാനും പ്രതി മുതിർന്നതായി പോലീസ് പറഞ്ഞു.
വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് പ്രതിയെ ഉടൻ തന്നെ പിടികൂടുകയായിരുന്നു. വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ആശിഷിന്റെ നേതൃത്വത്തിൽ എസ്.ഐ. സജികുമാർ, എസ്.സി.പി.ഒ. ശ്രീലാൽ, സി.പി.ഒ.മാരായ ജലജ, ജ്യോതി, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.




