ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പോലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് നോട്ടീസ് ലഭിച്ചത്. ട്വീറ്റ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടൻ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത്. സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ കമ്മീഷൻ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറുടെ വിശദീകരണം.
സംഭവം ഇങ്ങനെ:
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്. അശ്രദ്ധമൂലം ഇതേ കത്ത് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അയച്ചു കൊടുക്കുകയായിരുന്നു. മാർച്ച് 21-ന് തന്നെ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മീഷൻ വ്യക്തമാക്കി.




