അഞ്ചാലുംമൂട്: തൃക്കരുവയിൽ വൃദ്ധമാതാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകൻ വർഗീസിനെ (32) അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ വില്ലേജിൽ ഞാറക്കൽ ആനേൽചുട്ടമുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയാണ് (62) കൊല്ലപ്പെട്ടത്.
ഈ മാസം 15-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാലുംമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സംഭവദിവസം രാവിലെ പ്രതിയും മാതാവും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു. തുടർന്ന് പൊന്നമ്മയെ വർഗീസ് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊലപാതക വിവരം പ്രതി ചിലരോട് വെളിപ്പെടുത്തിയതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഹേമലത ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് പോലീസ് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ പ്രദീപ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ അന്വേഷണ പാടവമാണ് അസ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്.




