കാശ്മീരി പണ്ഡിറ്റുകളെ തിരികെ ക്ഷണിച്ച് ഹൂറിയത്ത് കോൺഫറൻസ്

ശ്രീനഗർ: തകർന്ന ബന്ധങ്ങൾ അനുരഞ്ജിപ്പിക്കാനും പുനർനിർമ്മിക്കാനുമുള്ള സമയമാണിതെന്ന് ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ്. കശ്മീരി പണ്ഡിറ്റുകളോട് അവരുടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.

സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ തുൽമുള്ളയിലെ മാതാ ഖീർ ഭവാനി ക്ഷേത്രത്തിൽ ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ വെള്ളിയാഴ്ച ദർശനം നടത്തിയിരുന്നു. ഇന്ന് മേള ഖീർ ഭവാനിയാണ്, ഈ അവസരത്തിൽ നമ്മുടെ കശ്മീരി പണ്ഡിറ്റ് സമൂഹത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെ കാത്തിരിക്കുന്ന സ്വന്തം നാട്ടിലേക്ക് മടങ്ങാനും നമ്മുടെ പൊതുവായതും പങ്കിട്ടതുമായ പൈതൃകത്തിൽ അവർ പണ്ടത്തെപ്പോലെ ഇവിടെ ജീവിക്കാനും ഞാൻ ഒരിക്കൽ കൂടി അവരോട് ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തകർന്ന ബന്ധങ്ങളെ അനുരഞ്ജിപ്പിക്കാനും പുനർനിർമ്മിക്കാനും സമയമായി. നമ്മുടെ വരും തലമുറയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദാൽ തടാകത്തിലെ ഷിക്കാര റൈഡിനിടെ രണ്ട് വിനോദസഞ്ചാരികൾ മദ്യം കഴിച്ച സംഭവത്തെക്കുറിച്ച് പരാമർശിക്കവെ, ഇത് എല്ലാവരെയും ഞെട്ടിച്ചതായി ഹുറിയത്ത് ചെയർമാൻ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട്‌വിനോദസഞ്ചാരികളെയും പോലീസ് ഇതിനകം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരികൾ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ തടയാനുള്ള ഉത്തരവാദിത്തം വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും ഒരുപോലെയാണ്. ഒരു വിനോദസഞ്ചാര കേന്ദ്രമായതിനാൽ എല്ലാത്തരം സന്ദർശകരും ഇവിടെയെത്തും. ഇസ്ലാമിന്റെ മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ കശ്മീരിന്റെ ധാർമ്മികത അതേപടി നിലനിൽക്കുന്നു. നാം അതിനെ കുറിച്ച് എല്ലായ്പ്പോഴും ബോധവാന്മാരായിരിക്കുകയും അത് സംരക്ഷിക്കാൻ ബോധപൂർവ്വം പ്രവർത്തിക്കുകയും വേണം, പ്രത്യേകിച്ച് ടൂറിസവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ആളുകളെന്ന് അദ്ദേഹം പറഞ്ഞു.