മലപ്പുറം: മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ, മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപക്ഷത്തെത്തിക്കാൻ സി.പി.ഐ.എം ഊർജിത നീക്കം തുടങ്ങി. തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച രണ്ടത്താണിയുമായി ഇടത് നേതാക്കൾ ചർച്ച നടത്തിയതായാണ് വിവരം.
രണ്ടത്താണിയെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ് ആലോചിക്കുന്നത്. താനൂർ അല്ലെങ്കിൽ തിരൂരങ്ങാടി സീറ്റുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതല്ലെങ്കിൽ അദ്ദേഹം ആവശ്യപ്പെടുന്ന മറ്റൊരു മണ്ഡലം നൽകാനും സി.പി.ഐ.എം തയ്യാറാണെന്നാണ് സൂചന. 2006-ലും 2011-ലും താനൂരിൽ നിന്നു വിജയിച്ച രണ്ടത്താണിയുടെ ജനസ്വാധീനം മുതലെടുക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.
താനൂരിൽ നിലവിൽ മന്ത്രി വി. അബ്ദുറഹിമാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തിരൂരിൽ മത്സരിക്കാനാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷവും താനൂരിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാതിരുന്നത് മണ്ഡലമാറ്റത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ താനൂരിലേക്ക് രണ്ടത്താണിയെ കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന് സി.പി.ഐ.എം കണക്കുകൂട്ടുന്നു.
തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഫേസ്ബുക്കിലൂടെയാണ് രണ്ടത്താണി പൊട്ടിത്തെറിച്ചത്. “അർഹരായവരെ തഴഞ്ഞ്, ചിലരുടെ താല്പര്യത്തിനായി പാർട്ടിയുമായി അടുത്ത ബന്ധമില്ലാത്തവരെ സ്ഥാനാർത്ഥിയാക്കി” എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനെതിരെ പ്രതികരിക്കുന്ന പ്രവർത്തകരുടെ വികാരത്തെ അച്ചടക്ക ലംഘനമായി കാണരുതെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, രണ്ടത്താണിയുടെ പ്രതികരണം സ്വാഭാവികമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിട്ടുപോകില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. എന്നാൽ, രണ്ടത്താണിയുടെ അടുത്ത നീക്കം ലീഗ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.




