ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ കൊച്ചി മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതോടെ, എഐസിസി സെക്രട്ടറി ദീപ്തി മേരി വർഗീസ് വീണ്ടും തഴയപ്പെട്ടു. നേരത്തെ മേയർ സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട ദീപ്തിക്ക് നിയമസഭയിലേക്കും അവസരം നിഷേധിച്ചത് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ദീപ്തിയുടെ കാര്യത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിലും സതീശന്റെ കടുത്ത നിലപാടിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു എന്നാണ് സൂചന.
പുലർച്ചെ വരെ നീണ്ട എഐസിസി സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് കൊച്ചിയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാടകീയ നീക്കങ്ങൾ നടന്നത്. തർക്കമുണ്ടായിരുന്ന സീറ്റുകളിൽ വിട്ടുവീഴ്ചകൾ ഉണ്ടായെങ്കിലും കൊച്ചിയിൽ സതീശന്റെ താല്പര്യത്തിനായിരുന്നു മുൻഗണന.
ദീപ്തി മേരി വർഗീസിനെ പോലെയുള്ള ഒരു മുതിർന്ന വനിതാ നേതാവിനെ മാറ്റിനിർത്തുന്നത് കൊച്ചിയിലെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിൽ കൂടുതൽ പ്രതിഷേധ സ്വരങ്ങൾ ഉയരാൻ സാധ്യതയുണ്ട്
.




