മാലിന്യസംസ്കരണത്തിന് പുതിയ നിയമം: ഏപ്രിൽ 1 മുതൽ രാജ്യം കർശന നിയന്ത്രണത്തിലേക്ക്; ലംഘിച്ചാൽ കനത്ത പിഴ
Kerala

മാലിന്യസംസ്കരണത്തിന് പുതിയ നിയമം: ഏപ്രിൽ 1 മുതൽ രാജ്യം കർശന നിയന്ത്രണത്തിലേക്ക്; ലംഘിച്ചാൽ കനത്ത പിഴ

Spread the love

ന്യൂഡൽഹി: രാജ്യത്തെ ഖരമാലിന്യ പരിപാലന രംഗത്ത് സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം-2026’ ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. 2026 ഫെബ്രുവരി 19-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്നവരിൽ നിന്ന് തുടക്കത്തിൽ പിഴ ഈടാക്കാനും, നിയമലംഘനം ആവർത്തിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പുതിയ ചട്ടപ്രകാരം മാലിന്യങ്ങൾ അവയുടെ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി തരംതിരിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ജൈവമാലിന്യം (Wet Waste), അജൈവമാലിന്യം (Dry Waste), സാനിറ്ററി മാലിന്യം (Sanitary Waste), പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം (Special Care Waste) എന്നിങ്ങനെ നാലായി വേർതിരിച്ച് മാത്രമേ കൈമാറാൻ പാടുള്ളൂ. ഡയപ്പറുകളും സാനിറ്ററി പാഡുകളും നിർമ്മാതാക്കൾ നൽകുന്ന കവറുകളിലോ അധികൃതർ നിർദ്ദേശിക്കുന്ന രീതിയിലോ സുരക്ഷിതമായി പൊതിഞ്ഞ് പ്രത്യേക ബിന്നുകളിൽ മാത്രമേ നിക്ഷേപിക്കാവൂ. പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും ശിക്ഷാർഹമാണ്.
വൻകിട മാലിന്യ സ്രഷ്ടാക്കളെ (Bulk Waste Generators) നിശ്ചയിക്കുന്നതിന് പുതിയ ചട്ടത്തിൽ മൂന്ന് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവന്നു. 20,000 ചതുരശ്ര മീറ്ററോ അതിലധികമോ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററിലധികം ജല ഉപഭോഗം ഉള്ളവർ, പ്രതിദിനം 100 കിലോഗ്രാമിലധികം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവർ എന്നിവർ ഈ വിഭാഗത്തിൽപ്പെടും. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളും കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജൈവമാലിന്യം സ്വന്തമായി സംസ്കരിക്കാൻ കഴിയാത്ത നിലവിലുള്ള വൻകിട സ്രഷ്ടാക്കൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് EBWGR സർട്ടിഫിക്കറ്റ് വാങ്ങി മാത്രമേ മാലിന്യനീക്കം നടത്താൻ പാടുള്ളൂ.
പൊതുചടങ്ങുകൾക്കും തെരുവുകച്ചവടക്കാർക്കും പുതിയ നിയമത്തിൽ കർശന നിർദ്ദേശങ്ങളുണ്ട്. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തുമ്പോൾ മൂന്ന് പ്രവൃത്തി ദിവസം മുൻപെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കുകയും മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് കൈമാറുകയും വേണം. തെരുവുകച്ചവടക്കാർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നതിനായി അനുയോജ്യമായ കണ്ടെയ്നറുകൾ കരുതണം. ഇവ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള കളക്ഷൻ സംവിധാനങ്ങളെ ഏല്പിക്കേണ്ടതും നിശ്ചിത യൂസർ ഫീ (User Fee) കൃത്യമായി നൽകേണ്ടതുമാണ്.
കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും പൂന്തോട്ട മാലിന്യങ്ങളും അതത് സ്ഥലങ്ങളിൽ തന്നെ പ്രത്യേകം സൂക്ഷിക്കുകയും നിയമാനുസൃതമായി സംസ്കരിക്കുകയും വേണം. ബയോമെഡിക്കൽ മാലിന്യങ്ങൾ യാതൊരു കാരണവശാലും സാധാരണ ഖരമാലിന്യവുമായി കലർത്താൻ പാടില്ലെന്നും ചട്ടം വ്യക്തമാക്കുന്നു. ലാൻഡ്‌ഫില്ലിംഗ് നിയന്ത്രണങ്ങളും ശക്തമാക്കുന്ന പുതിയ നിയമത്തിൽ, പുനരുപയോഗിക്കാനോ ഊർജ്ജാവശ്യങ്ങൾക്കോ കഴിയാത്ത മാലിന്യം മാത്രമേ ലാൻഡ്ഫില്ലിലേക്ക് അയക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പഴയ മാലിന്യക്കൂമ്പാരങ്ങൾ (Legacy Dumpsites) ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള കർമ്മപദ്ധതിയും പുതിയ ചട്ടത്തിന്റെ ഭാഗമാണ്.

28/03/2026
March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534