തിരുവനന്തപുരം: സന്തോഷ് ട്രോഫി മൈതാനങ്ങളിലെ കരുത്തുറ്റ പോരാട്ടവീര്യവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉന്നത പദവിയും നജീബ് ഖാന് നൽകിയത് സമൂഹത്തിൽ വലിയ ആദരവായിരുന്നു. എന്നാൽ, ഈ മേൽവിലാസങ്ങൾക്കെല്ലാം പിന്നിൽ അതിഭീകരമായ ഒരു ലഹരി സാമ്രാജ്യം ഇയാൾ കെട്ടിപ്പൊക്കുന്നുണ്ടായിരുന്നുവെന്ന് എക്സൈസ് സംഘം പോലും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്തിനു ലഹരി വിൽപ്പനക്കാരനായി മാറി എന്ന ചോദ്യത്തിന് ‘ആഡംബര മോഹം’ എന്ന് മാത്രമാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന ഉത്തരം.
ഡേറ്റിംഗ് ആപ്പുകൾ വഴി കെണിയൊരുക്കി ‘ലൈംഗിക ചൂഷണം’
നജീബ് ഖാന്റെ ലഹരി ഇടപാടുകൾ കേവലം വിൽപ്പനയിൽ മാത്രം ഒതുങ്ങിയിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡേറ്റിംഗ് ആപ്പുകൾ വഴി യുവാക്കളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ വലയിലാക്കുന്നവരെ നേരിൽ കാണാനെന്ന വ്യാജേന ഹോട്ടൽ മുറികളിലേക്ക് വിളിച്ചുവരുത്തും. അവിടെ വച്ച് ലഹരി നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മാനം ഭയന്ന് പലരും പുറത്തുപറയാതിരുന്നതാണ് ഇയാൾക്ക് തണലായത്.
ബെംഗളൂരു ലിങ്കും ഹോട്ടൽ മുറിയിലെ റെയ്ഡും
കഴിഞ്ഞ രണ്ടു ദിവസമായി എക്സൈസിന്റെ നിഴലിലായിരുന്നു ഇയാൾ. തലസ്ഥാനത്തെ പ്രമുഖ ഹോട്ടലിൽ ലഹരി വിൽക്കാൻ തയ്യാറെടുക്കുന്നതിനിടെ എക്സൈസ് സംഘം മുറി വളയുകയായിരുന്നു. നാല് ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് വർഷമായി ലഹരി ഉപയോഗിക്കുന്ന നജീബ്, പിന്നീട് ബെംഗളൂരുവിൽ നിന്ന് നേരിട്ട് മരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന വൻകിട ശൃംഖലയുടെ തലവനായി മാറുകയായിരുന്നു.
കുടുങ്ങാൻ ‘ഉയർന്ന ഉദ്യോഗസ്ഥരും’
വിദ്യാർത്ഥികൾ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ നജീബിന്റെ ഇടപാടുകാരുടെ പട്ടികയിലുണ്ടെന്നാണ് എക്സൈസ് ഇൻസ്പെക്ടർ നൽകുന്ന സൂചന. ഇയാളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുന്നതോടെ തലസ്ഥാനത്തെ പ്രമുഖർ പലരും കുടുങ്ങാൻ സാധ്യതയുണ്ട്. ലഹരിയുടെ കാണാപ്പുറങ്ങൾ തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ.




