മൈലാപ്പൂർ( ഉമയനല്ലൂർ ): അക്ഷരമുറ്റത്തെ ആദ്യപാഠങ്ങൾ പൂർത്തിയാക്കിയ കുരുന്നുകൾക്ക് ഇനി പുതിയ ലോകത്തേക്ക് ചുവടുവെപ്പ്. മൈലാപ്പൂർ ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 വർഷത്തെ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ് ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു.
എം.എസ്.എസ്.ടി സുപ്പീരിയർ ജനറലും സ്കൂൾ മാനേജരുമായ മദർ സുജ ജോഷ്വ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റുബീന തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊല്ലം സിറ്റി ഡിഎഛ്ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ജോർജ്, എച്ച്.ഒ.ഡി അശോകൻ പിള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുരുന്നുകൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങ്, കഥ പറയൽ, കവിതാലാപനം തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാർത്ഥികൾ ഒത്തുചേർന്ന് പാടിയ ബിരുദദാന ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു. അധ്യാപികമാരായ ഏലിയാമ്മ ജോയ് സ്വാഗതവും സ്നേഹ ജോസഫ് നന്ദിയും രേഖപ്പെടുത്തി.




