കൊല്ലം: വിശ്വപ്രസിദ്ധമായ കൊല്ലം പൂരത്തിന് മുന്നോടിയായി പൂര നഗരിയിൽ ഗജവീരന്മാരുടെ ക്രമീകരണങ്ങൾ പൂർത്തിയായി. പൂരത്തിൽ പങ്കെടുക്കുന്ന 26 ആനകളുടെയും ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. താമരക്കുളം ഗണപതിക്കും പുതിയകാവ് ഭഗവതിക്കുമായി പതിനൊന്നോളം ആനകൾ വീതം ഇരുഭാഗത്തുമായി അണിനിരക്കുന്ന പൂരത്തിനും, തുടർന്ന് നടക്കുന്ന ആനയൂട്ടിനുമുള്ള പൂർണ്ണ നിരീക്ഷണം മൃഗസംരക്ഷണ വകുപ്പിനാണ്. സുരക്ഷിതമായി പൂരം നടത്തുന്നതിനായുള്ള പ്രത്യേക നിബന്ധനകൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ആനകളും കാണികളും തമ്മിൽ അഞ്ചു മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൂരസ്ഥലത്ത് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കും. കൂടാതെ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം നിർബന്ധമാണ്. രാവിലെ 11-ന് നടക്കുന്ന ആനയൂട്ടിന് ശേഷം, തിരുമുമ്പിൽ പൂരത്തിലും കുടമാറ്റത്തിലും പങ്കെടുക്കുന്ന ആനകൾക്കായി ക്ഷേത്രപരിസരത്ത് ഷവർ നീരാട്ട് ഒരുക്കിയിട്ടുണ്ട്. വേനൽ ചൂട് കണക്കിലെടുത്താണ് ആനകൾക്ക് തണുപ്പ് നൽകാൻ ഈ ക്രമീകരണം.
ആനകളുടെ യോഗ്യതാ പരിശോധന രാവിലെ 8 മണി മുതൽ ആരംഭിക്കും. വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് ആനകളുടെ രജിസ്ട്രേഷൻ നടത്തുന്നത്. കൊല്ലം എസ്.പി.സി.എ എലിഫന്റ് സ്ക്വാഡിലെയും മൃഗസംരക്ഷണ വകുപ്പിലെയും പന്ത്രണ്ടോളം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആനകളുടെ ഡാറ്റാ ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, 15 ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പാപ്പാൻമാർ കൈവശം കരുതണം.
വൈകുന്നേരം 4-ന് നടക്കുന്ന തിരുമുമ്പിൽ പൂരത്തിന് ഓരോ ഭാഗത്തുമായി ഏഴോളം ആനകളെയാണ് അണിനിരത്തുക. എഴുന്നള്ളത്തിന് എത്തുന്ന ആനകൾക്ക് ഇടച്ചങ്ങല നിർബന്ധമാക്കിയിട്ടുണ്ട്. പൂരപ്പറമ്പിൽ വെടിക്കെട്ട് പൂർണ്ണമായും നിരോധിച്ചു. കൂടാതെ ഡ്രോണുകൾ, പോപ്പറുകൾ, നാസിക് ഡോൾ, ഡി.ജെ സൗണ്ട്, ബീം ലൈറ്റുകൾ എന്നിവയ്ക്കും അനുമതിയില്ല. പാപ്പാൻമാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ബ്രത്ത് അനലൈസർ ഉപയോഗിക്കുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.




