കൊല്ലം: ചലച്ചിത്ര സർട്ടിഫിക്കേഷന്റെ പേരിൽ ചലച്ചിത്ര പ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും സർഗാത്മക അവകാശങ്ങൾക്കും മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിന്റെ (CBFC) പുതിയ നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയ്ക്ക് അദ്ദേഹം കത്തയച്ചു.
സിനിമ കേവലം വിനോദോപാധിയല്ലെന്നും കലാപരവും ബൗദ്ധികവുമായ സ്വതന്ത്ര ആവിഷ്കാരമാണെന്നും എം.പി ചൂണ്ടിക്കാട്ടി. കഥാകൃത്തുക്കളുടെ ആശയസ്വാതന്ത്ര്യം, സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം, നിർമാതാക്കളുടെ സൃഷ്ടിപരവും വാണിജ്യപരവുമായ അവകാശങ്ങൾ എന്നിവയ്ക്ക് പുതിയ നിർദേശങ്ങൾ തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
പൂർണമായും പൂർത്തിയാക്കിയ സിനിമകൾ മാത്രം സർട്ടിഫിക്കേഷനായി സമർപ്പിക്കണമെന്ന നിബന്ധനയും സിനിമയുടെ പേരിൽ മാറ്റം നിർദേശിക്കാനുള്ള വ്യവസ്ഥകളും ചലച്ചിത്ര നിർമാണത്തിന്റെ സ്വാഭാവിക പ്രക്രിയയെ ബാധിക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും പരസ്യപ്രചാരണത്തിനും വിതരണത്തിനുമായി വൻതുക ചെലവഴിച്ചശേഷം അവസാനഘട്ടത്തിൽ ഇത്തരം ഇടപെടലുകൾ ഉണ്ടാകുന്നത് സിനിമാ വ്യവസായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും എം.പി വ്യക്തമാക്കി.
സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള നിയമപരമായ അധികാരം ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള അധികാരമായി വ്യാഖ്യാനിക്കരുത്. സർക്കാർ ഉത്തരവുകളിലൂടെ മൗലികാവകാശങ്ങൾക്ക് മേൽ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളുടെയും അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിർദേശങ്ങൾ അടിയന്തരമായി പുനഃപരിശോധിച്ച് വിവാദ വ്യവസ്ഥകളുടെ നടപ്പാക്കൽ നിർത്തിവയ്ക്കണമെന്നും നിയമപരമായ അടിസ്ഥാനമില്ലാത്തതും ആനുപാതികമല്ലാത്തതുമായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എഴുത്തുകാർ, സംവിധായകർ, നിർമാതാക്കൾ, ഫിലിം ചേംബർ, വിവിധ ചലച്ചിത്ര സംഘടനകൾ എന്നിവരുമായി ചർച്ച നടത്തി സർഗാത്മക സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും കേന്ദ്രമന്ത്രിയോടുള്ള കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.




