തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വാർഡിലെ സർജിക്കൽ ഐസിയുവിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവിൽ പുക ഉയർന്നതോടെ രോഗികളെയും ജീവനക്കാരെയും അതിവേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ഐസിയു ബ്ലോക്കുകളിലേക്കും വാർഡുകളിലേക്കുമാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ആശുപത്രി ജീവനക്കാരും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുക നിറഞ്ഞത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശങ്കയുണ്ടാക്കി.
നിലവിൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റ് അനിഷ്ട സംഭവങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിലെ വൈദ്യുത ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.



