ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; കെ.സി. ജോസഫിന്റെയും ബെനി ബെഹ്നാന്റെയും മൊഴി
Kerala

ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; കെ.സി. ജോസഫിന്റെയും ബെനി ബെഹ്നാന്റെയും മൊഴി

Spread the love

കൊട്ടാരക്കര: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫ് കോടതിയിൽ മൊഴി നൽകി. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി അർജുൻ രാജിന് മുമ്പാകെയാണ് കെ.സി. ജോസഫും മുൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും ചാലക്കുടി എം.പിയുമായ ബെനി ബെഹ്നാനും മൊഴി നൽകിയത്.

2011 മുതൽ 2016 വരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിച്ച കെ.സി. ജോസഫ്, ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ പല സംഭവങ്ങൾക്കും നേരിട്ടുള്ള സാക്ഷിയായിരുന്നുവെന്ന് പറഞ്ഞു. മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളും മന്ത്രിസ്ഥാനം രാജിവെച്ച സംഭവവും പിന്നീട് മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകളും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു.

ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ഇടപെട്ടിരുന്നുവെന്നും, എന്നാൽ കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ ശക്തമായ എതിർപ്പാണ് മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് തടസമായതെന്നും മൊഴിയിൽ പറയുന്നു. ഗണേഷ് കുമാറും സരിത എസ്. നായരും തമ്മിലുണ്ടായിരുന്ന ബന്ധവും തുടർന്ന് ഉണ്ടായ സംഭവവികാസങ്ങളും സോളാർ വിവാദത്തിലെ ചില ആരോപണങ്ങൾക്ക് പശ്ചാത്തലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാർ ജുഡീഷ്യൽ കമ്മീഷന് സരിത എസ്. നായർ സമർപ്പിച്ച കത്തിൽ ആദ്യം 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കെ.സി. ജോസഫ് മൊഴി നൽകി. പിന്നീട് ഉമ്മൻചാണ്ടിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും ലക്ഷ്യമിട്ട് നാല് പേജുകൾ അധികമായി ചേർത്താണ് കത്ത് സമർപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഈ അധിക പേജുകൾ ഗൂഢാലോചനയുടെ ഭാഗമായാണ് ഉൾപ്പെടുത്തിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്കെതിരെ പരാമർശങ്ങൾ വന്നതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഹൈക്കോടതി റിപ്പോർട്ടിലെ വിവാദ പരാമർശങ്ങൾ ഒഴിവാക്കിയതും കെ.സി. ജോസഫ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം മൊഴിനൽകി.

കെ.സി. ജോസഫിന്റെ മൊഴിയെ പിന്തുണയ്ക്കുന്ന തരത്തിൽ ബെനി ബെഹ്നാനും കോടതിയിൽ മൊഴി നൽകി. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാവും മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറുമായ അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത പരാതിയിലാണ് ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിന്റെ വിചാരണയുടെ ഭാഗമായാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ തുടർ നടപടികൾ പിന്നീട് നടക്കും.

15/07/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534