സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ പദ്ധതിയിട്ടു; സഞ്ജയ്ഖാന്റെയും എസ്. സുദീരന്റെയും നിർണ്ണായക വെളിപ്പെടുത്തൽ
Kerala

സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ പദ്ധതിയിട്ടു; സഞ്ജയ്ഖാന്റെയും എസ്. സുദീരന്റെയും നിർണ്ണായക വെളിപ്പെടുത്തൽ

Spread the love

കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ വിവാദത്തിന് പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തകർക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും സരിത എസ്. നായരും ചേർന്ന് നടത്തിയ ആസൂത്രിത ഗൂഢാലോചനയാണെന്ന വെളിപ്പെടുത്തലുകൾ പുറത്ത്. സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അഡ്വ. സുധീർ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്സ് മുഖേന കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ തുടർനടപടികളിലാണ് ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിർണ്ണായക മൊഴികൾ രേഖപ്പെടുത്തിയത്.

ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും പുനലൂർ കോടതിയിലെ അഭിഭാഷകനുമായ അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ കോടതിയിൽ നൽകിയ മൊഴി പ്രകാരം, 2015 മെയ് മാസത്തിൽ പത്തനാപുരത്തെ പാർട്ടി ഓഫീസിൽ വെച്ചാണ് ഗൂഢാലോചന നടന്നത്. “സി.എമ്മിനെ (ഉമ്മൻചാണ്ടി) കൂടി ഈ കേസിൽ ഉൾപ്പെടുത്തണം, ഇല്ലെങ്കിൽ നമ്മുടെ പദ്ധതി വിജയിക്കില്ല. ബാക്കിയെല്ലാം തന്റെ കൈയ്യിലാണ്” എന്ന് ഗണേഷ് കുമാർ സരിതയോട് പറയുന്നത് താനും സി.ആർ. നജീബും നേരിട്ട് കേട്ടതാണെന്ന് സഞ്ജയ്ഖാൻ വെളിപ്പെടുത്തി. കുടുംബപ്രശ്നങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഗണേഷ് കുമാറിനെ തിരികെ മന്ത്രിസഭയിൽ എടുക്കാത്തതിലുള്ള കടുത്ത പകയാണ് ഈ നീക്കത്തിന് പിന്നിലെന്നും, ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കി നാറ്റിക്കുമെന്ന് ഗണേഷ് കുമാർ ഭീഷണിപ്പെടുത്തിയതായും സഞ്ജയ്ഖാന്റെ മൊഴിയിലുണ്ട്.

വീക്ഷണം’ മുൻ എഡിറ്റർ എസ്. സുധീരന്റെ മൊഴി

വാർത്താ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് വീക്ഷണം ദിനപത്രത്തിന്റെ മുൻ റസിഡന്റ് എഡിറ്റർ എസ്. സുധീരന്റെ മൊഴിയും കേസിൽ അതീവ നിർണ്ണായകമായി. 2017 നവംബർ 11-ന് തിരുവനന്തപുരത്ത് സരിത എസ്. നായരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടതെന്ന് സുധീരൻ കോടതിയെ ബോധിപ്പിച്ചു..

സരിത സോളാർ കമ്മീഷന് മുൻപാകെ ഹാജരാക്കിയ 25 പേജുള്ള കത്ത് വ്യാജമാണെന്നും, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ വേണ്ടി ഗണേഷ് കുമാറിന്റെ താൽപ്പര്യപ്രകാരം 4 പേജുകൾ അധികമായി കെട്ടിച്ചമച്ചതാണെന്നും ഫെനി അന്ന് വെളിപ്പെടുത്തിയിരുന്നു. സരിത തന്നെയേൽപ്പിച്ച യഥാർത്ഥ കത്തിൽ 21 പേജുകൾ മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫെനി ബാലകൃഷ്ണന്റെ ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ “പൊതുപ്രവർത്തകരെ അപകീർത്തിപ്പെടുത്തുവാൻ ജുഡീഷ്യൽ കമ്മീഷനെ കരുവാക്കി” എന്ന തലക്കെട്ടിൽ താൻ തയ്യാറാക്കി വീക്ഷണം ദിനപത്രത്തിൽ നൽകിയ വാർത്ത സുധീരൻ കോടതിയിൽ സ്ഥിരീകരിച്ചു. 2017 നവംബർ 12-ലെ വീക്ഷണം ദിനപത്രത്തിന്റെ അഞ്ചാം പേജിൽ പ്രസിദ്ധീകരിച്ച ഈ വാർത്തയും അനുബന്ധ രേഖകളും അദ്ദേഹം കോടതിയിൽ തിരിച്ചറിഞ്ഞു. വാർത്താസമ്മേളനത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഈ വാർത്ത തയ്യാറാക്കിയതെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.

 

30/03/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534