നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ക്ഷേമവും തൊഴിൽ സുരക്ഷയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) നിർണ്ണായക പദ്ധതികൾ പ്രഖ്യാപിച്ചു. നവി മുംബൈയിൽ നടന്ന സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് ദേശീയതലത്തിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.
സംഘടനയിലെ അംഗങ്ങളായ എല്ലാ മാധ്യമപ്രവർത്തകർക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാകവചമായി ഈ പദ്ധതി മാറും.
മാധ്യമപ്രവർത്തകരുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ‘മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി’ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സൊസൈറ്റിയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളും മറ്റ് സാമ്പത്തിക സഹായങ്ങളും അംഗങ്ങൾക്ക് ലഭ്യമാക്കും.
ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നിയമപരമായ അംഗീകാരം നേടിയെടുക്കുന്നതിനും രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനും അസോസിയേഷൻ മുൻകൈ എടുക്കും. കൂടാതെ, മാധ്യമപ്രവർത്തനത്തിലെ ധാർമ്മികത , ഫീൽഡ് സേഫ്റ്റി തുടങ്ങിയ വിഷയങ്ങളിൽ അംഗങ്ങൾക്ക് പ്രൊഫഷണൽ പരിശീലനം നൽകാനും തീരുമാനമായി.
മാധ്യമപ്രവർത്തകരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ നാലാം തൂണിനെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ജെ.എം.എ നാഷണൽ ഡെസ്ക് അറിയിച്ചു.




