തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ തീരുമാനം. മഴക്കാല പൂർവശുചീകരണത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ.
ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി (ഡി.എം.ഒ) നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം ഉയർന്നത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയാൻ മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിർദേശിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മൂന്ന് ദിവസങ്ങളിലായി
താഴെ പറയുന്ന ക്രമീകരണങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്:
വെള്ളിയാഴ്ച (സ്കൂളുകൾ): വിദ്യാലയങ്ങളിലും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യം ഒഴിവാക്കാൻ സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്ന് ശുചീകരണം നടത്തും.
ശനിയാഴ്ച (ഓഫീസുകൾ):സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ ഓഫീസുകളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാനും ശുചീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തും.
ഞായറാഴ്ച (വീടുകൾ): ജനങ്ങൾ വീടുകളിലും തങ്ങളുടെ പുരയിടങ്ങളിലും കൊതുക് നശീകരണവും ശുചീകരണവും ഉറപ്പാക്കി ഡ്രൈ ഡേ ആചരിക്കണം.
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം തടയുന്നതിന് ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സജീവമായി പങ്കാളികളാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.




