നെടുമങ്ങാട്: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതലയിൽ ഇടപെട്ട് ബഹളംവെച്ച സംഭവത്തിൽ തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സി.ഐ യഹിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ആയുധങ്ങളുമായി ആക്രമണത്തിന് എത്തിയെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത നാലംഗ സംഘത്തിലെ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സി.ഐ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും അതിക്രമം നടത്തുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലായവരിൽ രണ്ട് പേർ സി.ഐയുടെ ബന്ധുക്കളാണെന്നാണ് വിവരം.
സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളംവെച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സി.ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡിവൈഎസ്പിയോട് തിരുവനന്തപുരം റൂറൽ എസ്.പി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. സി.ഐക്കെതിരെ മുമ്പും അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.




