കൊല്ലം: ഓണാഘോഷ ദിവസങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിങ്ങിനെതിരെ സിറ്റി പൊലീസ് കർശന നടപടി സ്വീകരിക്കും. അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ അടുത്ത രണ്ട് ദിവസത്തിനകം മാറ്റണമെന്ന് പൊലീസ് നിർദേശിച്ചു.
നിർദേശം പാലിക്കാത്ത വാഹനങ്ങൾ റിക്കവറി വാഹനത്തിൽ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. നിയമനടപടികൾക്കൊപ്പം റിക്കവറി ചാർജും ഈടാക്കും. ഫീസ് ട്രഷറിയിൽ അടച്ചശേഷമേ വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകൂ.
ഓണാഘോഷ നാളുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പൊതുജനങ്ങളും വ്യാപാരികളും വാഹന ഉടമകളും പൊലീസ് നിർദേശങ്ങളോട് സഹകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഹേമലത എം. ഐ.പി.എസ്. അറിയിച്ചു.




