പത്തനംതിട്ട: മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് യുവതികളെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ പാലക്കാട് ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) അറസ്റ്റിൽ. പത്തനംതിട്ട സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് സുമുഖരായ യുവാക്കളുടെ ചിത്രങ്ങൾ ശേഖരിച്ച് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇവ മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹപരസ്യമായി നൽകുകയും വിശ്വാസം നേടിയെടുത്തശേഷം സ്ത്രീകളിൽനിന്ന് പണം കൈക്കലാക്കുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയുടെ മൊബൈൽ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




