കോട്ടയം: നവജാത ശിശുക്കളെ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായവർ കണ്ണൂർ ചക്കരക്കല്ലിലെ ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റതായി ഈരാറ്റുപേട്ട പോലീസിന് മൊഴി. സംഭവത്തിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തു.
വാഗമൺ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, പരവൂർ സ്വദേശി അനീന തസ്നി എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ കൊല്ലത്ത് വിൽപ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
തീക്കോയിയിലെ വാടകവീട്ടിൽ ഗർഭിണികളെ എത്തിച്ച് പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം തീക്കോയിയിലെത്തിച്ച ആസാം സ്വദേശിനി രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.




