കൊല്ലം: പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയ സംഭവത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി.
നവംബർ ആറിന് രാത്രി ഏഴരയോടെയാണ് പാരിപ്പള്ളി ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ പ്ലാന്റിന്റെ പാർക്കിംഗ് പ്രവേശന കവാടത്തിലൂടെ അകത്തുകയറിയത്. എൽ.പി.ജി ബുള്ളറ്റ് ട്രക്കുകൾ പാർക്ക് ചെയ്തിരുന്ന ഭാഗത്തെത്തിയ കാർ മറ്റൊരു വാഹനത്തിലിടിച്ച് നാശനഷ്ടമുണ്ടാക്കി. സുരക്ഷാ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും ഇടപെടലിലൂടെയാണ് വാഹനം നിയന്ത്രണവിധേയമാക്കി പോലീസിന് കൈമാറിയത്. എൽ.പി.ജി ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന മേഖലയിലേക്ക് കാർ പ്രവേശിച്ചത് വൻ ദുരന്തസാധ്യതയാണ് സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്ലാന്റിലെ പ്രധാന പാർക്കിംഗ് പ്രവേശന കവാടം വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിനായി സാധാരണയായി തുറന്നിടുന്നതും പാർക്കിംഗ് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണമില്ലാത്തതുമാണ് വാഹനം തടസ്സമില്ലാതെ അകത്തുകടക്കാൻ കാരണമായതെന്നാണ് കണ്ടെത്തൽ.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് കൊല്ലം മേഖലാ ജോയിന്റ് ഡയറക്ടർ ടി.കെ. ഷാബുജാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം, കൊല്ലം മേഖലകളിലെ ഉദ്യോഗസ്ഥർക്കൊപ്പം സേഫ്റ്റി സെൽ, കെമിക്കൽ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ അഞ്ച് നിർദേശങ്ങളാണ് അന്വേഷണസംഘം മുന്നോട്ടുവെച്ചത്. പാർക്കിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ മുഴുവൻ സമയ സുരക്ഷാ നിരീക്ഷണം ഉറപ്പാക്കുക, ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കുക, പ്ലാന്റിലേക്കുള്ള റോഡുകളിൽ ദിശാസൂചനാ ബോർഡുകളും റോഡ് മാർക്കിംഗും സ്ഥാപിക്കുക, ഓൺസൈറ്റ് എമർജൻസി പ്ലാൻ പുതുക്കി മോക്ക് ഡ്രില്ലുകൾ നടത്തുക, എൽ.പി.ജി ട്രക്കുകൾ മറിഞ്ഞുണ്ടാകാവുന്ന അപകടങ്ങൾ തടയാൻ പാർക്കിംഗ് മേഖലയിൽ റെയിൽ ഗാർഡുകൾ സ്ഥാപിക്കുക എന്നിവയാണ് നിർദേശങ്ങൾ.
വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭാവിയിൽ ഇത്തരം അപകടസാധ്യതകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു.
സമ്മറി: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണം ഉൾപ്പെടെ അഞ്ച് മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നിർദേശം നൽകി.




