തിരുവനന്തപുരം : പത്ത് വർഷത്തെ ഭരണത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെത്തുടർന്ന് പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും. കെ.എൻ ബാലഗോപാലിന്റെ പേര് സജീവമായി പരിഗണനയിലുണ്ടായിരുന്നെങ്കിലും, പ്രതിപക്ഷ നിരയെ നയിക്കാൻ പിണറായിയുടെ പരിചയസമ്പത്ത് തന്നെ വേണമെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. അതേസമയം, പത്തുദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ വി.ഡി സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പദത്തിനായി രംഗത്തുണ്ടായിരുന്ന കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് അനുനയിപ്പിച്ചത്. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിൽക്കുമ്പോൾ, മന്ത്രിസഭാ രൂപീകരണത്തിൽ കരുത്ത് കാട്ടാനും പ്രധാന വകുപ്പുകൾ നേടിയെടുക്കാനുമുള്ള നീക്കത്തിലാണ് കെ.സി വേണുഗോപാൽ പക്ഷം. വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ എത്തുന്നതോടെ നിയമസഭ വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് ഉറപ്പായി.




