പെരുന്ന:എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻഎസ്എസ് നേതൃനിരയുടെ മുൻനിര മുഖമായിരുന്ന കെ. ബി. ഗണേഷ് കുമാറിന് ഒടുവിൽ സമുദായത്തിന്റെ പരമോന്നത സമിതിയായ ഡയറക്ടർ ബോർഡ് സ്ഥാനവും നഷ്ടമായി. കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇതേസമയം കാലാവധി പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ള മറ്റ് എട്ട് അംഗങ്ങൾക്കും അംഗത്വം പുതുക്കി നൽകിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു.
കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. ആർ. കെ. ബാബുവിനെയാണ് ഗണേഷ് കുമാറിന് പകരക്കാരനായി ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. അംഗത്വം പുതുക്കി നൽകണമെന്ന് ഗണേഷ് കുമാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് നേതൃത്വം അത് തള്ളുകയായിരുന്നു.
അഴിമതി ആരോപണവും താലൂക്ക് യൂണിയൻ പിരിച്ചുവിടലും
കഴിഞ്ഞ കുറച്ചുകാലങ്ങളായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഗണേഷ് കുമാറും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നു. പത്തനാപുരത്തെ ‘പത്മ കഫെ’ നിർമ്മാണവുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളും, ഇതിനെത്തുടർന്ന് താലൂക്ക് യൂണിയൻ അംഗങ്ങളിൽ ഭൂരിഭാഗവും രാജിവെച്ചതുമാണ് ഭിന്നത രൂക്ഷമാക്കിയത്. വിവാദങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാർ അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ എൻഎസ്എസ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. പലതവണ ഗണേഷ് കുമാർ സുകുമാരൻ നായരുമായി അനുനയ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും എൻഎസ്എസ് നേതൃത്വം വഴങ്ങിയില്ല.
ഡയറക്ടർ ബോർഡിൽ നിന്ന് നീക്കിയതിൽ പരാതിയില്ലെന്നും എന്നും എൻഎസ്എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നുമാണ് കെ. ബി. ഗണേഷ് കുമാറിന്റെ ഔദ്യോഗിക പ്രതികരണം. എങ്കിലും എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സംഘടനയ്ക്ക് ഇപ്പോൾ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ അടക്കം ഏകാധിപത്യപരമായ തീരുമാനങ്ങളാണ് ഉണ്ടായതെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുമായി എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിട്ടും തങ്ങളെ പരിഗണിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കേസ് കൊടുക്കട്ടെ’ എന്ന് ജി. സുകുമാരൻ നായർ
ഗണേഷ് കുമാറിന്റെ എല്ലാ ആരോപണങ്ങളെയും കടുത്ത ഭാഷയിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തള്ളിക്കളഞ്ഞത്. പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ തിരിച്ചടിച്ചു. ഭിന്നതകൾ പരസ്യമായതോടെ ഗണേഷ് കുമാറും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.




