തൃശൂർ: നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികൾ തന്നെയായിരുന്നു തൃശൂർ നഗരത്തിലെ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിയിരുന്നത്.
കഴിഞ്ഞ ജൂൺ 18-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺവാണിഭ കേന്ദ്രത്തിൽ വെച്ച് പണത്തെച്ചൊല്ലി പ്രതികളും ധൻപതി നായികും തമ്മിൽ തർക്കമുണ്ടാകുകയും, ഇത് ക്രൂരമായ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് മാത്രമായിരുന്നു ഈ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ മരണത്തോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




