By ഷിബു കൂട്ടുംവാതുക്കൾ
കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും ദേവസ്തുതികളുടെയും അകമ്പടിയിൽ മൂക്കന്നൂർ പള്ളിയോട നിർമാണത്തിന് ഉളികുത്തി. പമ്പാ തീരത്ത് മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം ഒരുക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങിൽ ആറൻമുള പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മൂത്താചാരി എം. ആർ. മോഹനൻ ആചാരി ആഞ്ഞിലിത്തടിയിൽ ആദ്യ ഉളികുത്തി. ശിൽപ്പി അയിരൂർ സതീഷ് ആചാരിയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു.
മൂക്കന്നൂർ 720-ാം നമ്പർ ശ്രീശങ്കര വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോട നിർമാണത്തിന് കരയിലെ വിവിധ ഹൈന്ദവ സംഘടനകൾ ഉൾപ്പെട്ട സമിതിയാണ് നേതൃത്വം നൽകുന്നത്. പതിമൂന്ന് വർഷത്തിന് ശേഷമാണ് പുതിയ കരയ്ക്ക് പള്ളിയോട നിർമാണത്തിന് അനുമതി ലഭിക്കുന്നത്.




