By: ഷിബു കൂട്ടുംവാതുക്കൽ സബ്ബ് എഡിറ്റർ
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കൈതൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടോയെന്നും കോടതി പരാമർശിച്ചു.
കേസുമായി ബന്ധപ്പെട്ട ഫയൽ ലഭിച്ചത് ഇന്നലെയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു വിമർശനം. തീരുമാനമെടുക്കാൻ വൈകിയത് ഫയൽ ലഭിക്കാത്തതിനാലാണെന്ന് പിന്നാക്ക വികസന കോർപറേഷൻ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചു.
“കൈ തൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം. തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്” എന്നായിരുന്നു കോടതിയുടെ പരാമർശം.
ഉത്തരവ് ഹാജരാക്കാതിരുന്നത് സെക്രട്ടറിയുടെ പിഴവല്ലെന്നും കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ അഞ്ചു പ്രതികൾ 15 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കേസിലെ പരാതിക്കാരൻ.




