തേനി: തമിഴ്‌നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പടക്ക നിർമ്മാണത്തോടൊപ്പം കച്ചവടവും നടന്നിരുന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ദാരുണമായ അപകടമുണ്ടായത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഈ പടക്കശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലി പുനരാരംഭിക്കാനായി സ്ഥാപനം തുറക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് നാല് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇതിൽ സൂര്യയും ദീനദയാനനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശക്തമായ സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




