തിരുവനന്തപുരം: സ്റ്റാഫിനെ നൽകാം എന്ന വ്യാജ വാഗ്ദാനവുമായി വ്യാപാരികളെയും ഹോട്ടൽ/റസ്റ്റോറന്റ് ഉടമകളെയും ലക്ഷ്യംവെച്ച് വ്യാപകമായ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ് നടക്കുന്നു. വാട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങൾ ഇരകളെ കണ്ടെത്തുന്നത്.
**വിശ്വാസ്യത നേടാൻ വ്യാജ രേഖകൾ**
വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിൽ വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. ‘SKAN Crew’ അല്ലെങ്കിൽ ‘SKAN Nexus’ എന്നീ സ്ഥാപനങ്ങളുടെ പേരാണ് പല പരാതികളിലും ഉയർന്നു വന്നിട്ടുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ എത്തിക്കാമെന്ന് ഉറപ്പുനൽകി ഉടമകളുമായി ബന്ധപ്പെടുന്ന ഇവർ, വ്യാജ കരാറുകളും മറ്റ് ഔദ്യോഗിക രേഖകളും അയച്ചുനൽകി വിശ്വാസം നേടിയെടുക്കും.
തട്ടിപ്പ് രീതി
ജീവനക്കാരെ അയക്കുന്നതിന് മുന്നോടിയായി ‘അഡ്വാൻസ് ഫീസ്’, ‘യാത്ര ചെലവ്’ തുടങ്ങിയ വിവിധ കാരണങ്ങൾ പറഞ്ഞ് ഉടമകളിൽ നിന്ന് പണം കൈക്കലാക്കുന്നു. പണം ലഭിച്ചുകഴിഞ്ഞാൽ പലവിധ കാരണങ്ങൾ പറഞ്ഞ് കാലതാമസം വരുത്തുകയും ഒടുവിൽ സേവനം നൽകാതെ സംഘം മുങ്ങുകയുമാണ് ചെയ്യുന്നത്.
പോലീസിന്റെ നിർദ്ദേശങ്ങൾ:
- ഏജൻസികളുമായി ഇടപഴകുന്നതിന് മുൻപ് അവരുടെ ഔദ്യോഗിക രജിസ്ട്രേഷൻ, ഓഫീസ് വിലാസം, വെബ്സൈറ്റ് എന്നിവ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടുക.
- വിശ്വാസ്യത ഉറപ്പാക്കാതെ അപരിചിതർക്ക് പണം കൈമാറരുത്.
- വാട്‌സ്ആപ്പിലൂടെ വരുന്ന സംശയകരമായ ലിങ്കുകളോ രേഖകളോ തുറക്കരുത്.
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ **1930** എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ, **www.cybercrime.gov.in** എന്ന പോർട്ടലിലോ വിവരം അറിയിക്കണമെന്ന് കേരള പോലീസ് അറിയിച്ചു.




