കൊല്ലം: നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലത്തിന്റെ മഹോത്സവമായ കൊല്ലം പൂരം നാളെ അരങ്ങേറും. ചരിത്രപ്രസിദ്ധമായ ആശ്രാമം മൈതാനത്ത് ഗജവീരന്മാരുടെ പ്രൗഢിയും നാദവിസ്മയവും ഒന്നിക്കുന്ന അപൂർവ്വ നിമിഷങ്ങൾക്കായി പൂരപ്രേമികൾ ഒരുങ്ങിക്കഴിഞ്ഞു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പൂരം, ഇക്കുറിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും.
നാളെ രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ ഗജവീരന്മാരുടെ അകമ്പടിയോടെ ആശ്രാമം മൈതാനത്തേക്ക് എഴുന്നള്ളുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ക്ഷേത്രത്തിലെത്തുന്ന ഗജവീരന്മാർക്കായി പ്രത്യേക ആനനീരാട്ടും വിഭവസമൃദ്ധമായ ആനയൂട്ടും ഒരുക്കിയിട്ടുണ്ട്. പൂരത്തിന്റെ ഐശ്വര്യമായി ഭഗവാന്റെ തിടമ്പേറ്റുന്ന ഗജരാജൻ ത്രികടവൂർ ശിവരാജുവിന്റെ നേതൃത്വത്തിലുള്ള ഗജനിരയാകും ഇത്തവണയും പ്രധാന ആകർഷണം.
വൈകുന്നേരത്തോടെയാണ് പൂരത്തിന്റെ പ്രധാന ഇനമായ ഗജസംഗമവും കുടമാറ്റവും നടക്കുക. താമരക്കുളം ശ്രീ മഹാഗണപതിയും പുതിയകാവ് ഭഗവതിയും 11 വീതം ഗജവീരന്മാരുമായി മുഖാമുഖം നിൽക്കുന്നതോടെ പൂരപ്പറമ്പ് ആവേശക്കടലാകും. പുത്തൻകുളം അനന്തപദ്മനാഭനും ഗുരുജിയിൽ ശിവനാരായണനും തിടമ്പേറ്റി തലപ്പൊക്കത്തോടെ അണിനിരക്കുമ്പോൾ, വാശിയേറിയ കുടമാറ്റത്തിൽ നൂറിലധികം വർണ്ണക്കുടകൾ ആകാശത്ത് വിരിയും. പ്രശസ്ത മേളപ്രമാണിമാർ നയിക്കുന്ന താളലയങ്ങളിൽ നഗരം ആറാടുന്നതോടെ കൊല്ലം പൂരം സാംസ്കാരിക സൗഹൃദത്തിന്റെ വലിയൊരു വിളംബരമായി മാറും. വൻ ജനതിരക്ക് കണക്കിലെടുത്ത് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.




