മലക്കപ്പാറ: അതിരപ്പള്ളിക്ക് സമീപം മലക്കപ്പാറയിൽ വയോധികയെ പുലി കടിച്ചു കൊന്നു. തമിഴ്‌നാട് അതിർത്തിക്കുള്ളിലെ ഷോലയാർ ഡാം പരിസരത്ത് താമസിക്കുന്ന ഇൻസൈ അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് വീടിന് സമീപം ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ വീട്ടുകാരും അയൽവാസികളും തിരച്ചിൽ നടത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ഭാഗത്ത് മൃതദേഹം കണ്ടത്. പുലി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നത് തമിഴ്‌നാട് വനംവകുപ്പിന്റെ പരിധിയിലാണെങ്കിലും കേരള അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ മലക്കപ്പാറ നിവാസികളും കടുത്ത ഭീതിയിലാണ്.
ഭീതിയിലായി അതിർത്തി ഗ്രാമങ്ങൾ
കഴിഞ്ഞ കുറച്ചു കാലമായി ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ഷോലയാർ ഡാം പരിസരത്ത് പുലിയുടെ സാന്നിധ്യം മുൻപും സ്ഥിരീകരിച്ചിട്ടുള്ളതാണ്. എന്നാൽ ജനവാസ മേഖലയിലേക്ക് പുലി ഇറങ്ങി ആളുകളെ ആക്രമിക്കുന്നത് പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.




