By:ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സർവീസ് പൂർണമായി നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കെ. പത്മകുമാർ സമിതിയുടെ ശുപാർശകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
സമരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുമ്പായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് ചർച്ച നടത്തുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
നിലവിലെ മിനിമം ചാർജ് 10ൽ നിന്ന് 15 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുക, കൺസെഷന് പ്രായപരിധി നിശ്ചയിക്കുക, ഇന്ധനവില വർധന നേരിടാൻ ഡീസൽ സബ്സിഡി അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കെ.എസ്.ആർ.ടി.സിക്ക് സമാനമായി സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സീറോ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തി അതിന്റെ തുക സർക്കാർ ബസുടമകൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, ബസുകളുടെ കാലാവധി 22ൽ നിന്ന് 25 വർഷമായി ഉയർത്തുക, കെ.എസ്.ആർ.ടി.സി. ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കെ. പത്മകുമാർ സമിതി റിപ്പോർട്ടിലുള്ളത്. എന്നാൽ ചാർജ് വർധനയും ഡീസൽ സബ്സിഡിയും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ റിപ്പോർട്ടിൽ പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ റിപ്പോർട്ട് തള്ളിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സംഘടനകൾ അവകാശപ്പെട്ടു. പ്രതിസന്ധിയെ തുടർന്ന് 500ലധികം ബസുകൾ സർവീസ് പൂർണമായി നിർത്തിയെന്നും 5,000ത്തോളം ബസുകൾ സർവീസ് പകുതിയായി ചുരുക്കിയെന്നും ഭാരവാഹികൾ പറഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പല ബസുകളും ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണെന്നും അവർ വ്യക്തമാക്കി.




