By: ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊറ്റങ്കര പേരൂർ തട്ടാർക്കോണം മനക്കര മേലൂട്ട് കാവ് വയലിവീട്ടിൽ ചിതൽ മണികണ്ഠൻ എന്ന സാബു (46) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
സെപ്റ്റംബർ ആറിന് വൈകിട്ട് നാലോടെ തട്ടാർക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. രാജീവും സാബുവും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സാബു അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലഭ്യമായ തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലുൾപ്പെടെ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുൻകാല ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ശക്തമായ നിയമനടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്.
കൊല്ലം എ.സി.പി. എസ്. ഷാജിയുടെ നിർദേശപ്രകാരം അഞ്ചാലുംമൂട് സർക്കിൾ ഇൻസ്പെക്ടർ രജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




