മലപ്പുറം: മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ച പൂക്കോട്ടുപാടം ടി.കെ കോളനി സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. പൊലീസ് ഹെലികോപ്റ്ററിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വിമാനയാത്രയ്ക്ക് സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്–അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പൂക്കോട്ടുംപാടം ടി.കെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു.
ദുരന്തത്തിൽ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഒരാളെ കൂടി കണ്ടെത്താനുണ്ട്. കോട്ടയ്ക്കൽ എടരിക്കോട് സ്വദേശി മങ്ങാട് അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ ഇന്നലെ രാത്രി മുതൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

Kerala



