സാമ്പത്തിക വർഷം മാറുന്നു; ഏപ്രിൽ ഒന്നു മുതൽ ആദായനികുതിയിലും ബാങ്കിംഗിലും നിർണായക മാറ്റങ്ങൾ
Kerala

സാമ്പത്തിക വർഷം മാറുന്നു; ഏപ്രിൽ ഒന്നു മുതൽ ആദായനികുതിയിലും ബാങ്കിംഗിലും നിർണായക മാറ്റങ്ങൾ

Spread the love

കൊച്ചി: ആഗോള രാഷ്ട്രീയ മാറ്റങ്ങൾക്കും സാമ്പത്തിക ചലനങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു സാമ്പത്തിക വർഷം കൂടി അവസാനിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ ആദായനികുതി, ബാങ്കിംഗ്, സ്വർണപ്പണയം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന നിരവധി കാര്യങ്ങളിൽ നിർണായക മാറ്റങ്ങളാണ് വരുന്നത്. 1961-ലെ ആദായനികുതി നിയമത്തിന് പകരം പുതിയ നിയമം നിലവിൽ വരുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.

പുതിയ ആദായനികുതി നിയമം

പതിറ്റാണ്ടുകൾ പഴക്കമുള്ള 1961-ലെ നിയമത്തിന് പകരമായി പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരും. നികുതിദായകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തിക വർഷം (FY), അസസ്‌മെന്റ് വർഷം (AY), പ്രീവിയസ് ഇയർ (PY) എന്നീ പ്രയോഗങ്ങൾ ഇനി ഉണ്ടാകില്ല. പകരം ‘ടാക്സ് ഇയർ’ (TY) എന്ന ഒറ്റ പ്രയോഗമായിരിക്കും ഉണ്ടാവുക. നിലവിലെ സാമ്പത്തിക വർഷം തന്നെയാണ് ടാക്സ് ഇയർ ആയി കണക്കാക്കുക.

പാൻ (PAN) കാർഡ് നിബന്ധനകളിൽ ഇളവ്

ഇടപാടുകൾക്ക് പാൻ കാർഡ് നൽകുന്നതിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്ക് മാത്രമേ ഇനി പാൻ നിർബന്ധമാകൂ (നിലവിൽ ഇത് 10 ലക്ഷമായിരുന്നു). അഞ്ച് ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾ വാങ്ങുമ്പോഴും പാൻ നൽകണം. ഹോട്ടൽ ബില്ലുകൾ, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് പാൻ നൽകേണ്ട പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്ക് നിക്ഷേപങ്ങൾക്ക് പ്രതിദിന പരിധിക്ക് പകരം ഒരു സാമ്പത്തിക വർഷം 10 ലക്ഷത്തിന് മുകളിൽ നിക്ഷേപിച്ചാൽ പാൻ നൽകിയാൽ മതിയാകും.

സ്വർണപ്പണയത്തിന് പുതിയ ചട്ടം

റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച സ്വർണപ്പണയ ചട്ടം പൂർണ്ണതോതിൽ നടപ്പിലാകും.

* 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണ്ണ മൂല്യത്തിന്റെ 85% വരെ വായ്പ ലഭിക്കും.

* 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ 80 ശതമാനവും, 5 ലക്ഷത്തിന് മുകളിൽ 75 ശതമാനവുമാണ് വായ്പാ പരിധി.

വായ്പാ തുക കണക്കാക്കുമ്പോൾ മുതലിനൊപ്പം പലിശ കൂടി പരിഗണിക്കുന്നത് കൊണ്ട് ലഭിക്കുന്ന തുകയിൽ നേരിയ കുറവുണ്ടായേക്കാം.

വിദ്യാഭ്യാസ ആനുകൂല്യങ്ങളും നികുതി ഇളവും

പഴയ നികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസ അലവൻസിനുള്ള ഇളവ് വലിയ തോതിൽ വർദ്ധിപ്പിച്ചു. നിലവിൽ ഒരു കുട്ടിക്ക് പ്രതിമാസം ലഭിച്ചിരുന്ന 100 രൂപയുടെ ഇളവ് 3,000 രൂപയായി ഉയർത്തി. ഹോസ്റ്റൽ അലവൻസ് പ്രതിമാസം 300 രൂപയിൽ നിന്ന് 9,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. പരമാവധി രണ്ട് കുട്ടികൾക്ക് വരെ ഈ ആനുകൂല്യം ലഭിക്കും.

സീറോ ബാലൻസ് അക്കൗണ്ടുകൾക്കും ഡിജിറ്റൽ സൗകര്യം

അടിസ്ഥാന സേവിംഗ്സ് അക്കൗണ്ടുകൾക്ക് (BSBD) ഇനി മുതൽ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാകും. സൗജന്യ എടിഎം കാർഡ്, പ്രതിവർഷം 25 ലീഫുള്ള ചെക്ക് ബുക്ക്, പരിധിയില്ലാത്ത നിക്ഷേപം തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. ഒരു വ്യക്തിക്ക് ഒന്നിലധികം ബിഎസ്ബിഡി അക്കൗണ്ടുകൾ അനുവദിക്കില്ല.

മറ്റ് പ്രധാന മാറ്റങ്ങൾ:

 * ടോൾ നിരക്ക്: വാർഷിക ടോൾ പാസിന്റെ നിരക്ക് 3,000 രൂപയിൽ നിന്ന് 3,075 രൂപയായി ഉയരും. ടോൾ പ്ലാസകളിൽ ഇനി മുതൽ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ അനുവദിക്കൂ.

* എംഎസ്എംഇ വായ്പ: സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കുള്ള ഈടുരഹിത വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി (ബാങ്കുകൾക്ക് വേണമെങ്കിൽ 25 ലക്ഷം വരെ) ഉയർത്തി.

* കേരളത്തിന്റെ വിഹിതം: 16-ാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം 1.92 ശതമാനത്തിൽ നിന്ന് 2.38 ശതമാനമായി വർദ്ധിച്ചു. ഇതനുസരിച്ച് 36,355 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും.

* മരണാനന്തര ക്ലെയിം: ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചാൽ നോമിനി ഇല്ലെങ്കിൽ പോലും 15 ലക്ഷം രൂപ വരെയുള്ള തുക (സഹകരണ ബാങ്കുകളിൽ 5 ലക്ഷം) സങ്കീർണ്ണമായ രേഖകളില്ലാതെ അവകാശികൾക്ക് ക്ലെയിം ചെയ്യാം.

 

31/03/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534