തിരുവല്ല : രണ്ട് വ്യത്യസ്ത കേസുകളിലായി എം ഡി എം എയുമായി മൂന്നു യുവാക്കൾ തിരുവല്ല പോലീസിന്റെ പിടിയിലായി. കുമ്പനാട് കിഴക്കേവേലിക്കര ചരിവ് പറമ്പിൽ വീട്ടിൽ ജോൺസൺ സോളമൻ (28) , വള്ളംകുളം നന്നൂർ വലിയ കുന്നത്ത് എസ് എസ് ഭവൻ വീട്ടിൽ മായക്കണ്ണൻ എന്ന് വിളിക്കുന്ന സുജിത്ത് സതീശൻ ( 28 ) , മഞ്ഞാടി മുണ്ടകത്തിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ഡാൻ എബ്രഹാം ( 25 ) എന്നിവരാണ് പിടിയിലായത്. തിരുവല്ല സി ഐ കെ.എസ് ഗോപകുമാർ, പ്രിൻസിപ്പൽ എസ് ഐ ആർ. റിയാസ്, എസ് ഐ മനോജ് എന്നിവർ അടങ്ങുന്ന പോലീസ് സംഘവും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി വ്യാഴാഴ്ച അർദ്ധരാത്രിയോടെ തിരുവല്ല നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. മഞ്ഞാടി ജംഗ്ഷനിൽ നിന്നും പിടിയിലായ ജോൺസൺ സോളമനിൽ നിന്നും പോയിൻറ് 77 ഗ്രാം എം ഡി എം എയും, തിരുവല്ല ബസ്സോട്ട ബാറിന് സമീപത്ത് നിന്നും പിടിയിലായ സുജിത്ത്, ഡാൻ എന്നിവരിൽ നിന്നും പോയിൻറ് 931 ഗ്രാം എം ഡി എം എയും സംഘം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലായ മൂന്ന് പ്രതികളും തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിച്ച് വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാന കണ്ണികൾ ആണെന്ന് സി ഐ കെ.എസ് ഗോപകുമാർ പറഞ്ഞു.




