വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു; ദുരന്തത്തിൽ മരണം 15 ആയി
Kerala

വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു; ദുരന്തത്തിൽ മരണം 15 ആയി

Spread the love

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് (സതീഷ്) അന്തരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിൽ വെച്ചായിരുന്നു അന്ത്യം. അപകടം നടന്ന ദിവസം മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സതീശന് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

തൃശ്ശൂർ പൂരത്തിന് വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതിൽ സജീവ സാന്നിധ്യമായിരുന്നു സതീശൻ. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്ന് വെടിക്കെട്ട് രംഗത്തെത്തിയ അദ്ദേഹം കഴിഞ്ഞ 13 വർഷത്തിലേറെയായി ഈ മേഖലയിൽ കർമ്മനിരതനാണ്. കഴിഞ്ഞ മൂന്ന് വർഷമായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായിരുന്നു. ഇത്തവണയും തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയാണ് അദ്ദേഹം വെടിക്കെട്ട് ഒരുക്കിയിരുന്നത്.

അപൂർവ ചരിത്രത്തിന് ഉടമ

2024-ലെ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി ‘സൗഹൃദ വെടിക്കെട്ട്’ ഒരുക്കിയ അപൂർവ ചരിത്രവും സതീശന് സ്വന്തമാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്ത സതീശൻ, തൃശ്ശൂരിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടുമിക്ക പ്രധാന പൂരങ്ങളുടെയും അവിഭാജ്യ ഘടകമായിരുന്നു.
പൂരത്തിന് വർണ്ണവിസ്മയം തീർക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വെടിക്കെട്ട് കലയെ നെഞ്ചിലേറ്റിയ സതീശന്റെ മടക്കം പൂരപ്രേമികൾക്കും നാടിനും വലിയ നോവായി മാറി. പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന കുടുംബത്തിനും നാടിനും സതീശന്റെ വേർപാട് കടുത്ത ആഘാതമായി. സതീശന്റെ മരണത്തോടെ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 15 ആയി.

24/04/2026
April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534