By എസ് പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ്
പത്തനംതിട്ട: ജില്ലയിലെ റോഡുകളിൽ ടിപ്പർ, ടോറസ് ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ഭീതി സൃഷ്ടിക്കുന്നു. സമയനിയന്ത്രണങ്ങൾ മറികടന്നുള്ള മരണപ്പാച്ചിലും അമിതഭാരം കയറ്റിയുള്ള യാത്രയും അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
മണ്ണ്, പാറ ഉൽപ്പന്നങ്ങൾ എന്നിവയുമായി പായുന്ന കൂറ്റൻ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും വലിയ ഭീഷണിയാണ്. തിരുവല്ല–കുമ്പഴ സംസ്ഥാന പാത, പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവയുൾപ്പെടെ ജില്ലയിലെ പ്രധാന റോഡുകളിൽ രാവിലെയെന്നോ വൈകീട്ടെന്നോ വ്യത്യാസമില്ലാതെയാണ് ടിപ്പർ-ടോറസുകളുടെ പാച്ചിൽ.
സ്കൂൾ സമയങ്ങളിലടക്കം വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നതായും നാട്ടുകാർ പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ ട്രിപ്പുകൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് പലപ്പോഴും അമിതവേഗത്തിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്. നാട്ടിടവഴികളിലൂടെയും പരിശോധനകൾ ഒഴിവാക്കി ടിപ്പറുകളും ടോറസുകളും സഞ്ചരിക്കുന്നത് പതിവായെന്നും പരാതിയുണ്ട്.
വാഹനങ്ങളുടെ അമിതഭാരം റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ആറന്മുള–പന്തളം റോഡിൽ കിടങ്ങന്നൂർ നാൽക്കാലിക്കലിന് സമീപം ബൈക്കും ടോറസും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചതാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായ അപകടങ്ങളിലൊന്ന്.
അപകടങ്ങൾ ആവർത്തിക്കുമ്പോഴും മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അപൂർവമായി നടക്കുന്ന പരിശോധനകളിൽ പിഴ ചുമത്തി വാഹനങ്ങളെ വിട്ടയക്കുന്നതിനു പകരം പെർമിറ്റ് ലംഘനം, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഗുരുതര നിയമലംഘനങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
റോഡുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുക, ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകുക, ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.




