കാഞ്ഞിരപ്പള്ളി: സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ കേസിൽ സഹോദരന്മാർ റിമാൻഡിൽ. കാഞ്ഞിരപ്പള്ളി കറിപ്ലാവ് ഇരവിമംഗലം സ്വദേശികളായ മാർട്ടിൻ ബേബി (45), സഹോദരൻ ടോം ബേബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
മൊബൈൽ ഫോൺ വഴി ലോട്ടറിയുടെ അവസാന നാല് അക്കങ്ങൾ വാങ്ങിയാണ് പ്രതികൾ സമാന്തര ലോട്ടറി നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഫോൺ വഴിയുമായിരുന്നു നമ്പറുകൾ സ്വീകരിച്ചിരുന്നത്.
അന്നേദിവസം പ്രഖ്യാപിക്കുന്ന സംസ്ഥാന ലോട്ടറി ഫലത്തിൽ ബുക്ക് ചെയ്ത നമ്പർ ഉൾപ്പെട്ടാൽ ഉപഭോക്താവിന് സമ്മാനത്തുക നൽകുന്നതായിരുന്നു രീതി. സർക്കാർ ലോട്ടറിയുടെ നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് നമ്പർ ബുക്ക് ചെയ്യാമായിരുന്നതിനാൽ നിരവധി പേർ ഇടപാടുകാരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സമ്മാനത്തുക ഗൂഗിൾ പേ വഴിയോ നേരിട്ടോ ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




