കോട്ടയം: മാധ്യമപ്രവർത്തകനും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ് ഷായ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ ജെ.എം.എ സംസ്ഥാന കമ്മിറ്റിയും കോട്ടയം ജില്ലാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം സംഭവങ്ങളെന്ന് ജെ.എം.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി വ്യക്തമാക്കി.
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് ഭയരഹിതമായി തൊഴിൽ നിർവഹിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ജെ.എം.എ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികൾക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.




