കൊല്ലം: രക്തത്തിലെ പ്രത്യേക ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന ആധുനിക ചികിത്സാസാങ്കേതികവിദ്യയായ അഫെറസിസ് സേവനത്തിന് ട്രാവൻകൂർ മെഡിസിറ്റിയിൽ തുടക്കമായി. ജില്ലാ കളക്ടർ ആനി ജൂല തോമസ് ഐ.എ.എസ്. സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക ചികിത്സാസൗകര്യങ്ങൾ ജില്ലയിൽത്തന്നെ ലഭ്യമാക്കുന്നതിൽ പുതിയ സംവിധാനം നിർണായക ചുവടുവയ്പ്പാണെന്ന് കളക്ടർ പറഞ്ഞു.
രക്തത്തിൽനിന്ന് പ്ലാസ്മ, പ്ലേറ്റ്ലെറ്റുകൾ തുടങ്ങിയ പ്രത്യേക ഘടകങ്ങൾ വേർതിരിച്ചെടുക്കുകയും ആവശ്യമുള്ള മറ്റ് ഘടകങ്ങൾ ശരീരത്തിലേക്ക് തിരികെ നൽകുകയും ചെയ്യുന്ന രീതിയാണ് അഫെറസിസ്. രോഗിയുടെ ആരോഗ്യസ്ഥിതിക്കും ചികിത്സാ ആവശ്യങ്ങൾക്കും അനുസരിച്ച് വിവിധ രക്തഘടകങ്ങൾ വേർതിരിച്ചെടുക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഉൾപ്പെടെയുള്ള മേഖലകളിൽ അഫെറസിസ് ചികിത്സയ്ക്ക് പ്രാധാന്യമുണ്ട്.
ട്രാവൻകൂർ മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ ചീഫ് ടെക്നിക്കൽ ഓഫീസർ മീരാ സാഹിബ് സ്വാഗതം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. കാവ്യ ജെ. ബാബു മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. അശോക്, ഡോ. അബ്ബാസ് എന്നിവർ ആശംസകൾ നേർന്നു.
ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാം, സെക്രട്ടറി അബ്ദുൽ സലാം, മാനേജിംഗ് ഡയറക്ടർ ഡോ. മുസമ്മിൽ എ. സലാം, മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, ട്രാവൻകൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. ശ്രീകുമാർ, ഡോ. ആഞ്ചല എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബിലാൽ അഹമ്മദ് നന്ദി പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി ഡോക്ടർമാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. പുതിയ സേവനം ആരംഭിച്ചതോടെ ജില്ലയിലെ രോഗികൾക്ക് അഫെറസിസ് ചികിത്സയ്ക്കായി മറ്റ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.




